വാഷിംഗ്ടൺ: കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ ഹോളിവുഡ് സംവിധായകൻ റോബ് റെയ്നറെ വീണ്ടും വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
റെയ്നർ നമ്മുടെ രാജ്യത്തിനു ദോഷം ചെയ്തിരുന്നുവെന്നു ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. തന്നോടുള്ള ഭ്രാന്തവും അനാരോഗ്യകരവുമായ അഭിനിവേശമായിരുന്നു അദ്ദേഹത്തിനെന്നും ഇതുമൂലം ഉണ്ടായ ചിത്തഭ്രമമാണ് മരണകാരണമെന്നും ട്രംപ് പറയുകയുണ്ടായി.
എന്നാൽ, മരിച്ചവരെക്കുറിച്ചുള്ള പരാമർശം അനുചിതമായെന്ന് നിരവധി ഡെമോക്രാറ്റ്, റിപ്പബ്ലിക്കൻ നേതാക്കൾ അഭിപ്രായപ്പെട്ടു. ട്രംപിന്റെ നേട്ടങ്ങൾ ഇത്തരം വിവാദങ്ങളിൽ മുങ്ങിപ്പോകുമെന്ന് റിപ്പബ്ലിക്കൻ നേതാവ് ജോൺ കെന്നഡി പറഞ്ഞു.
ഇതിനുമുൻപും തന്നെ കുറ്റപ്പെടുത്തിയവരെ അവരുടെ മരണശേഷം വിമർശിച്ച ചരിത്രം ട്രംപിനുണ്ട്. 2017ൽ ട്രംപിനെ മനോരോഗിയെന്നും പ്രസിഡന്റ് പദവിക്ക് അനർഹനെന്നും വിശേഷിപ്പിച്ച വ്യക്തിയാണ് റെയ്നർ.
ട്രംപ് ഏകാധിപത്യമാണ് കൊണ്ടുവരുന്നതെന്നും റെയ്നർ അടുത്തിടെ ആരോപിക്കുകയുണ്ടായി. ഞായറാഴ്ചയാണു റെയ്നറെയും ഭാര്യ മിഷേലിനെയും ലോസ് ആഞ്ചലസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ നിക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.